
കെ ജെ ഷൈൻ ടീച്ചര്‍ക്കെതിരായ അധിക്ഷേപ പ്രചാരണത്തിന് നേതൃത്വം വഹിക്കുകയും പ്രധാന പ്രതിയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍ പങ്കെടുത്ത ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്കരിച്ച് അഡ്വ. കെ എസ് അരുണ്‍കുമാറും ജെയ്ക്ക് സി തോമസും. മനോരമ ന്യൂസിലെ ചര്‍ച്ച അരുണ്‍കുമാറും മാതൃഭൂമിയിലെ ചര്‍ച്ച ജെയ്ക്കും ബഹിഷ്കരിച്ച് ഇറങ്ങിപ്പോരുകയായിരുന്നു. ഷൈന്‍ ടീച്ചര്‍ക്കെതിരായ അധിക്ഷേപ പ്രചാരണം, രാഹുല്‍ മാങ്കൂട്ടത്തില്‍ സംഭവങ്ങളുമായി കൂട്ടിക്കെട്ടി ന്യായീകരിക്കാനും ചെയ്തതൊക്കെയും സൈദ്ധാന്തികയുടെ മറവില്‍ സാധൂകരിക്കാനുമാണ് ജിൻ്റോ ജോണ്‍ ചര്‍ച്ചയില്‍ ശ്രമിച്ചത്. ഇതും ഇറങ്ങിപ്പോരലിന് കാരണമായി.
മനോരമയുടെ ചര്‍ച്ചയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ തയ്യാറായാണ് വന്നതെന്നും എല്ലാത്തിനും മറുപടി പറയാന്‍ ആര്‍ജവമുണ്ടെന്നും പറഞ്ഞാണ്, പ്രതിയുമായി ചര്‍ച്ച തുടരാന്‍ ആഗ്രഹമില്ലെന്നും പ്രതിയെ പിന്‍വലിക്കണമെന്നും കെ എസ് അരുണ്‍കുമാര്‍ ആവശ്യപ്പെട്ടത്. രണ്ട് ദിവസം മുന്‍പ് ഒരു കൊച്ചുമോള്‍ ജനിച്ച കുടുംബമാണതെന്നും ആശുപത്രിയില്‍ നിന്നെത്തിയ ഷൈന്‍ ടീച്ചര്‍ക്കും കുടുംബത്തിനും ഇന്ന് മാധ്യമങ്ങളുടെ മുന്നില്‍ വരേണ്ടി വന്നെന്നും അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടി.
Read Also: സത്യം പറഞ്ഞതിന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗുണ്ടകളുടെ ആക്രമണം
ഷൈന്‍ ടീച്ചറെ അപമാനിച്ചുവെന്നും സ്ത്രീകളെ അപമാനിക്കുന്ന, അപമാനിക്കാന്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്ന പ്രതിക്കൊപ്പം ചര്‍ച്ചക്കില്ലെന്നും അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു. പ്രതിയെ ചര്‍ച്ചക്ക് വിളിക്കുന്നതും ശരിയല്ല. സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം വ്യാജന്മാരോടൊപ്പം ചര്‍ച്ച തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ അരുണ്‍കുമാര്‍, ക്യാമറ ഓഫാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് താന്‍ പ്രതിയാണോയെന്ന് ജിന്റോ ജോണ്‍ അവതാരകയോട് ആക്രോശിക്കുന്നതും കാണാമായിരുന്നു. അരുണ്‍കുമാറിന് നേരെയും ഇയാള്‍ അധിക്ഷേപം ചൊരിഞ്ഞു.
കള്ളപ്രചാരണത്തില്‍ പ്രധാന പങ്ക് വഹിച്ചെന്ന് അതിജീവിത ചൂണ്ടിക്കാണിച്ചയാള്‍ തുടച്ച് വെടിപ്പാക്കിയ മുഖവുമായി ചര്‍ച്ചക്ക് ഇരിപ്പുണ്ടെന്ന് പറഞ്ഞാണ് ജെയ്ക്ക് സി തോമസ് മാതൃഭൂമിയില്‍ ബഹിഷ്കരണ നിലപാട് വിശദീകരിച്ചത്. ഇടതുപക്ഷ രാഷ്ട്രീയത്തിലെ സ്ത്രീകള്‍ക്കെതിരെ, ഇടത് രാഷ്ട്രീയം പറയുന്നവര്‍ക്കെതിരെ സൈബര്‍ ആക്രമണം വരുന്നത് ഒരു പാറ്റേണിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തേത് പോലെ സമാനമായ സൈബര്‍ ആക്രമണം ഉണ്ടായിട്ടില്ല. വടകര തെരഞ്ഞെടുപ്പ് സമയത്ത് ഷൈലജ ടീച്ചര്‍ക്കെതിരെയുള്ള ആക്രമണത്തേക്കാള്‍ വലുതാണിത്.
Read Also: കെ ജെ ഷൈന്‍ ടീച്ചറുടെ പരാതി; കോണ്‍ഗ്രസ് അനുകൂല വെബ് പോര്‍ട്ടലിനെതിരെ കേസെടുത്തു
ഇതൊക്കെ നടത്തുന്നത് ആഗോള അലവലാതികളുടെ സംഘമാണെങ്കില്‍ തള്ളിക്കളഞ്ഞേനെ. കോണ്‍ഗ്രസ് വക്താക്കളായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍, മത്സരിച്ച് പോസ്റ്റിടുകയല്ലേയെന്ന് ജെയ്ക്ക് ചോദിച്ചു. എല്ലാം ചെയ്തിട്ട് മാതൃഭൂമിയുടെ പ്രേക്ഷകരോട് ക്ലാസെടുക്കുകയാണ്. എന്താണ് ബന്ധങ്ങളിലെ പുരോഗമന പരത, സാമൂഹ്യരാഷ്ട്രീയ ബന്ധങ്ങളില്‍ കാത്തുസൂക്ഷിക്കേണ്ട മാന്യത എന്നിവയെ കുറിച്ച് സമീപകാല ചരിത്രത്തിലെ ഏറ്റവും അലവലാതിത്തരം കാണിച്ചയാള്‍ ക്ലാസെടുക്കുന്നു. എങ്ങനെ ഈ ചര്‍ച്ചയില്‍ അന്തസുള്ളവര്‍ക്ക് തുടരാനാകുമെന്ന് ജെയ്ക്ക് ചോദിച്ചു.
ജിൻ്റോ പ്രതിപ്പട്ടികയിലില്ലെന്ന സാങ്കേതിക അവതരാക ചൂണ്ടിക്കാട്ടിയപ്പോള്‍, പ്രതിപ്പട്ടികയിലുണ്ടാകണമെന്ന തരത്തില്‍ ഷൈന്‍ ടീച്ചര്‍ മൊഴി നല്‍കിയവരില്‍ ഏറ്റവും പ്രധാനപ്പെട്ടയാളാണ് ചര്‍ച്ചയിലുള്ളതെന്ന് ജെയ്ക്ക് മറുപടി നല്‍കി. ആഗോള അധമന്മാരിലെ പ്രധാനിയാണ് ഇയാള്‍. പൊലീസ് അച്ചടിച്ചുതന്ന പേരുകളല്ല തനിക്ക് മുന്നിലുള്ളത്. ഷൈന്‍ ടീച്ചര്‍ പ്രതിയായി ചൂണ്ടിക്കാണിച്ച ഒരു അധമനുമായും ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ലെന്നും ജെയ്ക്ക് പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ച ബഹിഷ്കരിക്കുകയായിരുന്നു.
The post ‘ഷൈന്‍ ടീച്ചര്‍ പ്രതിയായി ചൂണ്ടിക്കാണിച്ച ഒരു അധമനുമായും ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ല’; ജിന്റോ ജോണിനൊപ്പമുള്ള ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച് കെ എസ് അരുണ്‍കുമാറും ജെയ്ക്ക് സി തോമസും appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/wARheto

No comments:
Post a Comment