
സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത വിനോദസഞ്ചാരിയിൽ നിന്നും ഹെല്‍മറ്റ് ധരിക്കാത്തതിന് ആയിരം രൂപ കൈക്കൂലി വാങ്ങി ട്രാഫിക് പോലീസ്. ഹരിയാണയിലെ ഗുരുഗ്രാമിലാണ് സംഭവം. പിഴയെന്ന പേരില്‍ ആയിരം രൂപ ഈടാക്കിയെന്നാണ് ആരോപണം. ജാപ്പനീസ് വിനോദസഞ്ചാരിയ്ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഇയാൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജപ്പാന്‍ സ്വദേശിയായ കയ്‌റ്റോ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസിലൂടെ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുറ്റക്കാരായ മൂന്ന് ട്രാഫിക് ഉദ്യോഗസ്ഥരെ ഗുരുഗ്രാം ട്രാഫിക് പോലീസ് സസ്‌പെന്‍ഡ് ചെയ്തു. കരണ്‍ സിങ്, ശുഭം, ഭൂപേന്ദര്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്.
വീഡിയോയുടെ തുടക്കത്തില്‍ ഒരു യുവതിക്കൊപ്പം സ്‌കൂട്ടറില്‍ കയ്‌റ്റോ യാത്രചെയ്യുന്നത് കാണാം. യൂ ടേണ്‍ എടുക്കുന്നതിനിടെ ട്രാഫിക് പോലീസ് കൈകാട്ടി വണ്ടി നിര്‍ത്തി. പിന്‍സീറ്റില്‍ ധരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നും ധരിക്കാത്തതിനാല്‍ ആയിരം രൂപ പിഴയൊടുക്കണമെന്നും ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. മുറി ഇംഗ്ലീഷില്‍ പിഴ ഇവിടെ അടച്ചില്ലെങ്കില്‍ കോടതിയില്‍ അടയ്‌ക്കേണ്ടി വരുമെന്ന് ട്രാഫിക് ഉദ്യോഗസ്ഥന്‍ പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
പിഴ അടയ്ക്കാമെന്ന് സമ്മതിച്ച കയ്‌റ്റോ കാര്‍ഡ് ഉപയോഗിച്ചോട്ടെയെന്ന് ട്രാഫിക് ഉദ്യോഗസ്ഥരോട് ചോദിച്ചു. എന്നാല്‍, കാര്‍ഡ് പറ്റില്ലെന്നും പിഴ പണമായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ കൈയിലുണ്ടായിരുന്ന 500-ന്റെ രണ്ട് നോട്ടുകള്‍ ഉദ്യോഗസ്ഥന് കയ്‌റ്റോ കൈമാറുന്നതും വീഡിയോയില്‍ കാണാം. പിന്നീട് പ്രദേശത്ത് പലരും ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്നുണ്ടെന്ന് ട്രാഫിക് ഉദ്യോഗസ്ഥരോട് കയ്‌റ്റോ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു വിദേശിയായതിനാലാണ് ഇത്തരമൊരു സംഭവം ഇന്ത്യയില്‍ നേരിടേണ്ടിവന്നതെന്ന് കയ്‌റ്റോ പിന്നീട് വിശദീകരിച്ചു.
കയ്‌റ്റോയ്ക്ക് നേരിടേണ്ടിവന്ന അനുഭവം സാമൂഹികമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി. നിരവധി പ്രതികരണങ്ങളാണ് വീഡിയോ പങ്കുവെച്ച കയ്‌റ്റോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, അഴിമതിക്കെതിരേ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തതായും തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഗുരുഗ്രാം ട്രാഫിക് പോലീസ് കുറിച്ചു.
The post ഹെല്‍മറ്റ് ധരിക്കാത്തതിന് ആയിരം രൂപ പിഴ വാങ്ങി ഹരിയാന ട്രാഫിക് പോലീസ്; വീഡിയോ പങ്കുവച്ച് ജപ്പാൻ സ്വദേശി, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/9VfLpMe

No comments:
Post a Comment