
മുഖം മിനുക്കി കൊച്ചിയിലെ സുഭാഷ് പാര്‍ക്ക്. ആധുനിക രീതിയിലുള്ള ടോയ്ലറ്റ് ബ്ലോക്ക്, ഇന്ററാക്റ്റീവ് പ്ലേ ഏരിയ, ഓപ്പൺ ജിം എന്നിവയാണ് കൊച്ചി കോര്‍പ്പറേഷനു കീഴിലുള്ള സുഭാഷ്പാര്‍ക്കില്‍ സജ്ജമാകുന്നത്. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായ ആധുനിക ടോയ്ലറ്റ് കോംപ്ലക്സ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിപ്പെന്ന് മന്ത്രി റിയാസ് പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖല കോവിഡിന് ശേഷം സർവകാല റെക്കോഡിലേക്ക് എത്തുകയാണെന്നും വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഉള്‍പ്പടെ വലിയ വര്‍ധനവാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
മിനി കഫെറ്റീരിയ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് സംവിധാനം, ഫീഡിങ് റൂം, റീഡിങ് റൂം എന്നിവ ഉൾപ്പെടുത്തിയാണ് ടോയ്ലറ്റ് കോംപ്ലക്സ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനു പുറമെ വിനോദസഞ്ചാര വകുപ്പിൻ്റെ സഹകരണത്തോടെ രണ്ടര കോടി രൂപ ചെലവഴിച്ച് കുട്ടികൾക്കായി ഇന്ററാക്റ്റീവ് പ്ലേ ഏരിയയും ഓപ്പൺ ജിംനേഷ്യവും പാർക്കിൽ ഒരുക്കുന്നുണ്ട്.
പാര്‍ക്കിലെ ആധുനിക ടോയ്ലറ്റിൽ പ്രതിദിനമുണ്ടാകുന്ന മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ സാധിക്കുന്ന പ്രകൃതി അധിഷ്ഠിത മലിനജല സംസ്കരണ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. BPCL കൊച്ചി റിഫൈനറിയുടെ സാമ്പത്തിക സഹായത്തോടെ മുപ്പത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ചടങ്ങിൽ സുഭാഷ് പാർക്കിൽ ആരംഭിച്ച മിനി കഫെറ്റീരിയയുടെ ഉദ്ഘാടനം മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു.
ടി ജെ വിനോദ് എംഎൽഎ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, മറ്റ് കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
The post മുഖം മിനുക്കി സുഭാഷ് പാര്‍ക്ക്; ആധുനിക ശുചിമുറി കോംപ്ലക്സ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/8g5mQq3

No comments:
Post a Comment