
സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെയും സഹായി വാസുദേവനെയും ഇന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് ചോദ്യം ചെയ്യും. ദേവസ്വം ആസ്ഥാനത്ത് രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവര്‍ക്കും നോട്ടീസ് നൽകിയിരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണപാളി 2019ൽ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയിട്ട് വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണം തട്ടിയയെന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ശബരിമലയിലെ ശ്രീകോവിൽ വാതിൽ എന്നുപറഞ്ഞ് കബളിപ്പിച്ചാണ് വിശ്വാസികളിൽ നിന്നും പണം തട്ടിയത്. ദ്വാരപാലക ശിൽപ്പത്തിലെ പീഠം കാണാതായി എന്ന് പറഞ്ഞാണ് അയ്യപ്പ സംഗമത്തിൻ്റെ സമയത്ത് ഉണ്ണികൃഷ്ണൻ പോറ്റി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസിൻ്റെ ചോദ്യം ചെയ്യലിൽ ഉൾപ്പെടുന്നുണ്ട്. സ്വർണ്ണ പീഠവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരുതവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആസ്തി വിവരങ്ങളിലും ദേവസ്വം വിജിലൻസ് അന്വേഷണം നടത്തും. തിരുവനന്തപുരത്ത് നടത്തിയ ഭൂമി ഇടപാടുകളുടെ വിവരം ദേവസ്വം വിജിലൻസ് ഇതിനോടകം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടുമാസത്തിനിടെ ഒരു കോടി രൂപയുടെ വസ്തു ഇടപാട് നടത്തിയെന്നാണ് വിവരം. 30 കോടിയിലധികം രൂപയുടെ ഭൂമി ഇടപാട് നടന്നതായാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റി വൻ തുക പലിശയ്ക്ക് നൽകിയവരുടെ വിവരങ്ങളും ദേവസ്വം വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
നേരത്തെ, ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിലും മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാല്‍ താൻ തെറ്റുകാരനല്ലെന്നും തനിക്ക് അറിയിക്കാനുള്ളത് കോടതിയില്‍ അറിയിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
The post സ്വര്‍ണ്ണപാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയെയും സഹായിയെയും ദേവസ്വം വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/gKBXzU1

No comments:
Post a Comment