
കൈരളിയുടെ രജതജൂബിലി എന്നത് കേരളീയ സമൂഹത്തിന് അഭിമാനം നൽകുന്ന നിമിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയെ തുറന്നു കാണിക്കുകയും തുറന്ന് എതിർക്കുകയും ചെയ്ത ചാനലാണ് കൈരളിയെന്നും അദ്ദേഹം പറഞ്ഞു. കൈരളി എന്ന ജനകീയ മാധ്യമ ബദലിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ യുഎഇയുടെ മണ്ണിൽ തന്നെയാണ് ഈ ആഘോഷം നടക്കുന്നതെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. 25 ആം വർഷത്തിലേക്ക് കടന്ന കൈരളിയുടെ രജതജൂബിലി ആഘോഷം അബുദാബി ഇത്തിഹാദ് അരീനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങൾക്കും സർക്കാരിനും വേണ്ടി യുഎഇയുടെ ഭരണാധികാരികൾക്കും അദ്ദേഹം ഹൃദയപൂർവ്വം നന്ദി അറിയിച്ചു. കോവിഡ് കാലഘട്ടത്തിൽ പ്രവാസികളായ ഇന്ത്യക്കാരെയും കേരളീയരെയും ദേശീയ പൗരന്മാരെപ്പോലെ പരിഗണിച്ച രാജ്യമാണിതെന്നും അദ്ദേഹം പറഞ്ഞത് നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.
എല്ലാ വിഷമഘട്ടങ്ങളിലും ഒരു ചാഞ്ചല്യവും ഇല്ലാതെ സ്ഥാപനത്തെ മുന്നോട്ട് നയിക്കാൻ കൈരളിയുടെ തലപ്പത്ത് നിലകൊണ്ട മഹാനടൻ മമ്മൂട്ടിക്കായെന്ന് മുഖ്യമന്ത്രി അഭിനന്ദിച്ചു. രാജ്യത്തിന്റെയോ ലോകത്തിന്റെയോ പ്രശ്നങ്ങളിലായാലും തീർത്തും വേറിട്ട സമീപനം സ്വീകരിക്കാൻ കൈരളിക്ക് സാധിക്കുന്നുണ്ട്. മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് വെല്ലുവിളികൾ ഉയരുമ്പോൾ ഒരു ചാഞ്ചല്യവുമില്ലാതെ അതിനെതിരെ നിലകൊള്ളാൻ കൈരളിക്ക് സാധിക്കുന്നുണ്ട്. എല്ലാ തരത്തിലുള്ള വർഗീയതയെയും തുറന്നു കാണിക്കുകയും
തുറന്നെതിർക്കുകയും ചെയ്ത ചാനലാണ് കൈരളിയെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റ് വത്ക്കരണം മാധ്യമ രംഗത്ത് വർദ്ധിക്കുന്ന സാഹചര്യത്തിലും അതിനെ മറികടന്ന് വേറിട്ട സ്വഭാവം നിലനിർത്താൻ കൈരളിക്ക് കഴിയുന്നുണ്ട്. നല്ല സ്വീകാര്യതയിലേക്ക് കൈരളി ഉയർന്ന് വരികയാണെന്നും, കൂടുതൽ വിജയങ്ങൾ നേടാൻ ചാനലിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിക്കുകയും ചെയ്തു
The post ‘വർഗീയതയെ തുറന്നു കാണിക്കുകയും തുറന്ന് എതിർക്കുകയും ചെയ്ത ചാനൽ’; കൈരളി ടിവി രജതജൂബിലി ആഘോഷം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/6gRxbXy

No comments:
Post a Comment