
പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
“കേരളത്തിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തെ ശരിയായ ദിശകളിൽ നയിച്ച സാംസ്കാരിക നായകനായിരുന്നു എം കെ സാനു. മലയാളത്തിലെ എഴുത്തിലും കലയിലും സംസ്കാരത്തിലും അദ്ദേഹം കാലത്തിന് മായ്ക്കാനാവാത്ത സംഭാവനകൾ നൽകി. ജീവിതത്തിലുടനീളം, അപാരമായ മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ചു”. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ അനുശോചനകുറിപ്പിലൂടെ പറഞ്ഞു.
അനുശോചനക്കുറിപ്പിന്റെ പൂർണരൂപം:
എം കെ സാനുവിന് ആദരാഞ്ജലികൾ
പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ നായകൻ എം കെ സാനുവിൻ്റെ വിയോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
കേരളത്തിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തെ ശരിയായ ദിശകളിൽ നയിച്ച സാംസ്കാരിക നായകനായിരുന്നു എം കെ സാനു. മലയാളത്തിലെ എഴുത്തിലും കലയിലും സംസ്കാരത്തിലും അദ്ദേഹം കാലത്തിന് മായ്ക്കാനാവാത്ത സംഭാവനകൾ നൽകി. ജീവിതത്തിലുടനീളം, അപാരമായ മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ചു. കേരളം കണ്ട മികച്ച പ്രഭാഷകനായിരുന്നു സാനുമാഷ്. മാനവികതയുടെ നിലക്കാത്ത ശബ്ദമായിരുന്നു അദ്ദേഹം.
ALSO READ: “സാനു മാഷ് മലയാള ഭാഷയുടെ ശക്തി തെളിയിച്ച എഴുത്തുകാരൻ”: എ കെ ബാലൻ
എഴുത്തിലും കലയിലും ഉയർന്നു വരേണ്ട സാമൂഹ്യ പ്രതിബദ്ധതയുടെ സൗന്ദര്യത്തെക്കുറിച്ച് നിരന്തരം എഴുതി. എഴുത്തിലും , ജീവിതത്തിലും മതനിരപേക്ഷത സംരക്ഷിക്കാനുള്ള സർഗാത്മകസമരമുഖങ്ങളിൽ അദ്ദേഹം നായകനായി. നവോത്ഥാന മൂല്യങ്ങളുടെ പ്രചാരകനായിരുന്നു സാനുമാഷ്. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ തുടർച്ചകളുടെ നായകനായി. ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനനായകരുടെ
ആശയങ്ങൾ എഴുത്തിലും, പ്രഭാഷണങ്ങളിലും സജീവമായി ഉയർത്തിക്കൊണ്ടുവന്നു. നവോത്ഥാന ആശയങ്ങളുടെ വെളിച്ചം മലയാളി മനസ്സിൽ കാത്തു സൂക്ഷിക്കുന്നതിനുള്ള നിരന്തര പ്രയത്നമായിരുന്നു ആ മഹദ് ജീവിതം. അധ്യാപകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ, സാംസ്കാരിക പോരാളി എന്നുള്ള നിലയിൽ സാനുമാഷുടെ ജീവിതം കേരളത്തിൻ്റെ സാമൂഹ്യ- സംസ്കാരിക മുന്നേറ്റത്തിൻ്റെ അടർത്തുമാറ്റാനാവാത്ത ഭാഗമാണ്. മലയാളി മനസ്സിലെ മാനവികതയുടെ വെളിച്ചത്തിന് നമ്മൾ സാനുമാഷോട് കടപ്പെട്ടിരിക്കുന്നു.
ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ , കുമാരനാശാൻ, ബഷീർ, ചങ്ങമ്പുഴ പി കെ ബാലകൃഷ്ണൻ തുടങ്ങിയവരുടെ വിലപ്പെട്ട ജീവിതചരിത്രങ്ങൾ അദ്ദേഹം മലയാളി വായനക്കാർക്ക് നൽകി. നിരവധി സൗന്ദര്യശാസ്ത്ര നിരീക്ഷണ ഗ്രന്ഥങ്ങളും അദ്ദേഹത്തിൻ്റെ സംഭാവനയാണ്. നാടക രംഗത്തെക്കുറിച്ചുള്ള ഗംഭീരമായ കൃതിയാണ് അദ്ദേഹത്തിൻ്റെ നാടക വിചാരം. എഴുത്തിൻ്റെ സകല മേഖലകളിലും
അദ്ദേഹത്തിൻ്റെ വിലപ്പെട്ട കയ്യൊപ്പു പതിഞ്ഞു.
വയലാർ അവാർഡ് , കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മപ്രഭപുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾക്ക് അദ്ദേഹം അർഹനായി. പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ എക്കാലത്തെയും നായകൻ എം കെ സാനുവിന് ആദരാഞ്ജലികൾ.
ഡോ. കെ പി മോഹനൻ
ജനറൽ സെക്രട്ടറി
The post പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം അനുശോചിച്ചു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/CSlZubG

No comments:
Post a Comment